ആത്മസംസ്കരണത്തിന്റെ പാതയില്‍ വ്രതശുദ്ധിയുടെ മാസത്തിന് തുടക്കമായി
ആത്മസംസ്കരണത്തിന്റെ പാതയില്‍ വ്രതശുദ്ധിയുടെ മാസത്തിന് തുടക്കമായി. നീണ്ട പ്രാര്‍ഥനകളിലൂടെയും ദൈവപ്രകീര്ത്തനങ്ങളിലൂടെയും പാപമോചനം തേടുന്ന ദിനരാത്രങ്ങളാണിനി. വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും രാത്രി ദീര്‍ഘനേരം നമസ്കാരത്തിലും മുഴുകും. പകല്‍ ആഹാരപാനിയങ്ങള്‍ ഒഴിവാക്കി, പ്രാര്‍ഥനയും നമസ്കാരവുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടും. റമദാനിലെ നോമ്പ് നോക്കല്‍ ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കര്‍മങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. പകല്‍ സമയം മുഴുവന്‍ നോമ്പനുഷ്ഠിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ പാവപ്പെട്ടവര്‍ക്കും മറ്റു നിരാലംബര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുകയും കൂടുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരുമാസം കൂടിയാണ് റമദാന്. 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പ്രാര്‍ഥനയ്ക്കും ശേഷം ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നതോടുകൂടി റമദാന്‍മാസം വിടചൊല്ലും.