ആനകള്‍ക്ക് പരിചരണക്കുറവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ദേവസ്വം ചെയര്മാന്
ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് പരിചരണക്കുറവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊമ്പന് ജൂനിയര്‍ മാധവന് ചരിഞ്ഞത് ചികിത്സാപിഴവാണെന്ന പ്രചാരണം ശരിയല്ലെന്നും ആരോഗ്യമുള്ള ആനകള്‍ പെട്ടെന്ന് ചരിയാനുള്ള കാരണത്തെ കുറിച്ച് ദേവസ്വം അന്വേഷിക്കുമെന്നും ചെയര്മാന് പറഞ്ഞു. ആനകള്‍ക്ക് മികച്ച പരിചരണമാണ് ദേവസ്വം നല്‍കുന്നത്. ദേവസ്വത്തിലെ മുഴുവന്‍ ആനകളേയും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യറാക്കും. പുറമേ നിന്ന് കൊണ്ടുവരുന്ന പട്ട, പുല്ല് തുടങ്ങീ തീറ്റകളില്‍ നിന്നുള്ള കീടനാശിനി ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും. കൊമ്പന് നന്ദനെ 150 കിലോമീറ്ററിലധികം ദൂരമുള്ള എഴുന്നള്ളിപ്പുകള്‍ക്ക് അയക്കില്ല. പാപ്പാനെ തുടരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കൊമ്പന് ദാമോദര്‍ദാസിന്റെ ചട്ടക്കാരനെ താത്കാലികമായി മാറ്റി നിറുത്തും. മുഴുവന്‍ ആനകളെയും ദിവസവും 10 കിലോമീറ്റര്‍ നടത്തിക്കാനുള്ള സംവിധാനം ഒരുക്കും. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, ആന ചികിത്സാവിദഗ്ദ്ധരായ ഡോ.കെ.വിവേക്, ഡോ.ചാരുജിത്ത്, ജീവ ധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്.മായാദേവി, അസിസ്റ്റന്റ് മാനേജര്‍ സി.ആര്.ലെജുമോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.