65 ലക്ഷം രൂപ ലാപ്സായി എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതം പഞ്ചായത്ത് പ്രസിഡന്റ്.
ഒരുമനയൂര്‍ പഞ്ചായത്തില്‍ 65 ലക്ഷം രൂപ ലാപ്സായി എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അറിയിച്ചു. 30 പ്രവര്‍ത്തകളില്‍ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ടെണ്ടര്‍ ചെയ്ത ആറ് പ്രവൃത്തികള്‍ നടക്കുന്നുമുണ്ട്. ബാക്കിയുള്ള പദ്ധതികളും ടെന്‍ഡര്‍ എടുത്തിരുന്നു. എന്നാല്‍ നിരക്ക് നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ വെച്ചിരുന്നില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി പ്രസിഡന്റ് പറഞ്ഞു. പ്രവര്‍ത്തികള്‍ എത്രയും വേഗം തുടങ്ങാമെന്ന് അറിയിച്ചിട്ടുമുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കേ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രഹസനത്തിന്റെ ഭാഗമായും നാടകമാണ് അരങ്ങേറിയതെന്ന് പ്രസിഡന്റ് ആരോപിച്ചു.