ഗുരുവായൂര്‍ ക്ഷേത്രോത്സവ പള്ളിവേട്ട നാളില്‍ രാജകീയ പ്രൗഡിയോടെ ഗ്രാമപ്രദക്ഷിണം നടന്നു
ഗുരുവായൂര്‍ ക്ഷേത്രോത്സവ പള്ളിവേട്ട നാളില്‍ രാജകീയ പ്രൗഡിയോടെ ഗ്രാമപ്രദക്ഷിണം നടന്നു. ഭഗവാന് സ്വര്ണ്ണക്കോലത്തിലെഴുന്നള്ളുന്നത് ദര്‍ശിച്ച് സായൂജ്യമടയാന്‍ ആയിരങ്ങളാണ് തടിച്ച് കൂടിയത്. വൈകീട്ട് കൊടിമരത്തിന് സമീപം നടന്ന ദീപാരാധനക്കു ശേഷമാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്. നൂറോളം വാദ്യകലാകാരന്മാരും വാളും പരിചയും വേഷഭൂഷാദികളുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാരും, കൊടി, തഴ, സൂര്യമറ, മുത്തുകുട, കുത്തുവിളക്കുകള്‍, വെഞ്ചാമരം, ആലവട്ടം എന്നിവയും എഴുന്നള്ളിപ്പില്‍ അണിനിരന്നു. പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടി മേളം അകമ്പടിയായി. എഴുന്നെള്ളിപ്പിന് മുന്നിലായി നാഗസ്വരം, ഭജന എന്നിവ നീങ്ങി. ഗ്രാമപ്രദക്ഷിണം കിഴക്കേ ഗോപുരത്തില്‍കൂടി അകത്ത് പ്രവേശിച്ച് പ്രദക്ഷിണമായി വടക്കേ നടപ്പുരയില്‍ സമാപിച്ചു. ഞായറാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.