ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യം ശക്തമാകുന്നു
ആരോഗ്യമേഖലയിലെ പ്രവര്‍ത്തന മികവിലും സൗകര്യങ്ങളിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യം ശക്തമാകുന്നു. 1964-ല്‍ സ്ഥാപിച്ച ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് സിവില്‍ സര്ജന്മാരും അഞ്ച് അസി.സര്ജന്മാരും ഉള്‍പ്പെടെ ഏഴ് ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോഴുള്ളത്. ഇതിന് പുറമെ പത്ത് ജീവനക്കാരും ഉണ്ട്. ഏഴില്‍ കൂടുതല്‍ ഡോക്ടന്മാരുടെ തസ്തിക ഉണ്ടെങ്കില്‍ മാത്രമെ കാഷ്വാലിറ്റി വിഭാഗം തുടങ്ങാന്‍ കഴിയൂ. കിടത്തി ചികിത്സിക്കാനായി പുരുഷന്മാരുടെയും സ്ത്രീകളുടെയും വാര്‍ഡുകളില്‍ 36 കിടക്കകളാണുള്ളത്. 8 കിടക്കകള്‍ ഉള്ള സ്ത്രീകളുടെ വാര്‍ഡും 6 കിടക്കകള്‍ ഉള്ള കുട്ടികളുടെ വാര്‍ഡും ഉടന്‍ സജ്ജമാകും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 കിടക്കകള്‍ ഉള്ള പുതിയ വാര്‍ഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. പ്രൈമറി തലത്തിലും സെക്കണ്ടറി തലത്തിലും പാലിയേറ്റീവ് പരിചരണം, ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്, ശീതീകരിച്ച ലബോറട്ടറി, രക്ത പരിശോധന വേഗത്തിലാക്കുന്നതിന് ഫുള്ളി ഒട്ടോ അനലൈസര്‍, ശിശു സൗഹൃദ വാര്‍ഡ്, മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സ്റ്റോര്‍ റൂം, ശീതീകരിച്ച പ്രതിരോധ കുത്തിവയ്പ്പ് മുറി, വൈദ്യുതി തടസ്സം പരിഹരിക്കാന്‍ ഓട്ടോമാറ്റിക് ജനറേറ്റര്‍, ജല ശുദ്ധീകരണ പ്ലാന്റ്, ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണ സംവിധാനം, വാഹന പാര്‍ക്കിങ്ങ് സൗകര്യം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങി സൗകര്യങ്ങള്‍ സി.എച്ച്.സി.യില്‍ നിലവിലുണ്ട്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശാ കേന്ദ്രമാണിത്. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ തുടര്‍ന്നുള്ള വികസനത്തിന് ഈ സ്ഥാപനത്തെ താലൂക്ക് ആശുപത്രിയുടെ നിലയിലേക്ക് ഉയര്‍ത്തണമെന്നാണ് ആവശ്യം.