റോഡില്‍ കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടക്കമുള്ള മണ്ണ് നിക്ഷേപിച്ചതിനെതിരെ പ്രതിഷേധം
എളവള്ളി പതിനൊന്നാം വാര്‍ഡ് കാക്കശ്ശേരിയിലെ സഖാവ് കൃഷ്ണപിള്ള റോഡില്‍ കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടക്കമുള്ള മണ്ണ് നിക്ഷേപിച്ചതിനെതിരെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡ് ലഭിക്കാന്‍ വേണ്ടി മാത്രമാകുമ്പോള്‍ സാധാരണക്കാരെ മറക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. റോഡിലെ കുപ്പിച്ചില്ലുകള്‍ മൂലം പരിസരവാസികളുടെ കാലില്‍ മുറിവേല്‍ക്കുന്നത് പതിവായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍ മൂലം കുട്ടികള്‍ക്ക് ചുമയും മറ്റ് അസുഖങ്ങളും പതിവായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സമ്പന്നരായ പാര്‍ട്ടിക്കാരുടെയും, പാര്‍ട്ടിയിലേക്ക് സംഭാവന നല്കുന്നവരുടെയും പ്രദേശത്തെ റോഡുകള്‍ മാത്രമാണ് പഞ്ചായത്ത് നല്ല രീതിയില്‍ ടാര്‍ ചെയ്യുന്നതെന്നും ടൈല്‍ ഇടുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിക്കാനായി ജനോപകാരപ്രദമല്ലാത്ത കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചിലവഴിക്കുകയാണെന്ന് സമരം ഉല്‍ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞു. ബൂത്ത് പ്രസിഡന്റ് രാജമണി കൊണ്ടരപ്പശ്ശേരി അധ്യക്ഷത വഹിച്ചു. സമരസമിതി ഭാരവാഹികളായ ബാബു താമരപ്പിള്ളി, എ.ഡി സാജു, വര്‍ഗ്ഗീസ് മാനത്തില്‍, ജിന്റോ തേറാട്ടില്‍, പ്രസാദ് വാക, എന്‍.കെ സുലൈമാന്‍, ജോബിന് ജോസ്, സുബിരാജ് തോമസ്, പി.ഐ. ഷാജു എന്നിവര്‍ സംസാരിച്ചു. കോയ പോക്കാക്കില്ലത്ത്, സി.എ. പീറ്റര്‍, കെ.എഫ് ലാന്‍സണ്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.