അറിവില്ലായ്മയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പരാമര്‍ശം നടത്തിയെന്നാരോപിച്ച് വിവാദം
അഴിമുഖം വാര്‍ഡിലെ റഹ്മാനിയ പള്ളിവളവ് റോഡിന്റെ നിര്‍മാണ പ്രതിസന്ധി കടപ്പുറം പഞ്ചായത്ത് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായി. വാര്‍ഡ് അംഗത്തിന്റെ അറിവില്ലായ്മയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പരാമര്‍ശം നടത്തിയെന്നാരോപിച്ചും വിവാദമുണ്ടായി.തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.64 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം തുടങ്ങിയ റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതാണ് ചര്‍ച്ചക്ക് വഴിവെച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ 1.64 ലക്ഷം അനുവദിച്ച റോഡിന്റെ രണ്ടാംഘട്ടമെത്തിയപ്പോള്‍ ആസ്തി രജിസ്റ്ററിലില്ലെന്ന് നിലപാടെടുത്തത് രാഷ്ടീയപ്രേരിതമാണെന്ന് വാര്‍ഡ് അംഗം സെമീറ ഷെരീഫ് സെമിനാറില്‍ ആരോപിച്ചു. റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കിയതാണെന്നും അവര്‍ പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ ഫണ്ടായി 18 ലക്ഷം ലഭിച്ചപ്പോഴാണ് റോഡ് രജിസ്റ്ററിലില്ലെന്ന് പഞ്ചായത്ത് പറഞ്ഞതെന്നും സെമീറ പറഞ്ഞു. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് റോഡിനെ ചേറ്റുവപ്പുഴയുമായി ബന്ധപ്പെടുത്തി 190 മീറ്റര്‍ നീളത്തിലും 12 അടി വീതിയിലും ഫോര്മേഷന് ജോലി നടത്തിയിരുന്നു. എന്നാല്‍ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ താജുദ്ദീന് വിശദീകരിച്ചു. റോഡിനുള്ള അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം വൈകേണ്ടെന്നുകരുതി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫോര്മേഷന് നടത്തിയതെന്നും അവര്‍ പറഞ്ഞു. വാര്‍ഡ് അംഗത്തിന്റെ പരിചയക്കുറവെന്ന പരാമര്‍ശം പ്രസിഡന്റ് നടത്തിയതിനെതിരെ സെമീറ രംഗത്തെത്തി. പഞ്ചായത്തിന്റെ വികസന സെമിനാറില്‍ ഇത്തരം പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.