അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ മക്കളെത്തി
കുന്നുക്കുരു കഴിച്ച് ആത്മഹത്യ ചെയ്ത പാവറട്ടി സ്വദേശിനിയുടെ സംസ്കാരം, മക്കളെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൈകി. ഭര്‍തൃവീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മക്കളെത്താതിരുന്നത്. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് മക്കള്‍ക്ക് അമ്മയെ അവസാനമായി ഒരു നോക്കുകാണാനായത്. രാവിലെ 10ന് നടക്കേണ്ടിയിരുന്ന സംസ്കാരം നാല് മണിക്കൂര്‍ വൈകിയാണ് നടന്നത്. പാവറട്ടി കവര വേലുകുട്ടിയുടെയും പരേതയായ വത്സലയുടെയും മകള്‍ ആഷയുടെ സംസ്കാരത്തിനാണ് മക്കളെ ഭര്‍തൃവീട്ടുകാര്‍ മക്കളെ വിട്ടുനല്‍കുന്നതിന് കാത്തിരിക്കേണ്ടി വന്നത്. നാട്ടിക പനങ്ങാട് സന്തോഷിന്റെ ഭാര്യയായ ആഷ ഈ മാസം 12നാണ് ഭര്‍തൃഗൃഹത്തില്‍ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. പാവറട്ടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. പത്തും നാലും വയസുള്ള സഞ്ജയ്, ശ്രീറാം എന്നീ മക്കളാണ് ആഷക്കുള്ളത്. മൃതദേഹം ഈ കുട്ടികളെ കൊണ്ടുവരില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ ശാഠ്യം പിടിക്കുകയായിരുന്നു. മക്കളെ കൊണ്ടുവരാന്‍ വേണ്ടി ഭര്‍ത്താവ് സന്തോഷിനെ ബന്ധപ്പെട്ടപ്പോള്‍ ആ കാര്യം പറയേണ്ടെന്നാണ് പറഞ്ഞതെന്ന് ആശയുടെ സഹോദരി പറഞ്ഞു. ആഷയുടെ കുടുംബം പൊലീസിനു പരാതി നല്‍കിയതിനു പിന്നാലെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. മുരളി പെരുനെല്ലി എം.എല്‍.എ ജില്ല കലക്ടറുമായി ബന്ധപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മക്കളെ മൃതദേഹം കാണിക്കാന്‍ അവസരമൊരുങ്ങിയത്.ഉച്ചക്ക് 2.30ഓടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മൂത്ത മകന് സഞ്ജയ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. പൊലീസ് കാവലിലാണ് ചടങ്ങുകള്‍ നടന്നത്. സംസ്കാര ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളെ ചടങ്ങുകള്‍ക്ക് ശേഷം ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. 12 വര്‍ഷം മുമ്പാണ് സന്തോഷും ആഷയും തമ്മിലുള്ള വിവാഹം നടന്നത്. ആഷ വന്നുകയറിയതില്‍ പിന്നെ ഐശ്വര്യമില്ലെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഷയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നും അവര്‍ പറഞ്ഞു. മരണത്തെ തുടര്‍ന്ന് ആഷയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ വലപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവാസിയായ സന്തോഷ് ഭാര്യ വിഷക്കായ കഴിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ആഷയുടെ മരണ സമയം കുടുംബവും സന്തോഷും ആശുപത്രിയിലുണ്ടായിരുന്നു. മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. നാട്ടികയില്‍ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായിരുന്നില്ല.