കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി അറസ്റ്റില്‍
കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി അറസ്റ്റില്‍. ചാവക്കാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന അലി കുടുങ്ങിയത്. വാഹന പരിശോധനക്കിടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്ന് മനസ്സിലാവുകയായിരുന്നു. എഞ്ചിന് നമ്പറും ചേസിസ് നമ്പറുമെടുത്ത് പരിശോധിച്ചപ്പോള്‍ വടക്കാഞ്ചേരിയില്‍ നിന്നും 2020 ല്‍ മോഷണം പോയ ബൈക്കാണെന്ന് വ്യക്തമായി. വാഹനമോടിച്ചയാളെ ചോദ്യം ചെയ്തപ്പോള്‍ വിവിധ സ്റ്റേഷനുകളില്‍ മാല മോഷണമടക്കമുള്ള കേസുകളിലെ പ്രതിയായ പുത്തന്‍കടപ്പുറം ചാടീടകത്ത് അലിയെന്ന പിക്കാസ് അലിയാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്നും എറണാകുളം കൂനമ്മാവില്‍ നിന്നും മോഷ്ടിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ 2021 ല്‍ പറവൂര്‍ അത്താണി നടത്തിയ മാല മോഷണവും 2022ല്‍ കോങ്ങാര്പ്പള്ളിയില് നടത്തിയ മാല മോഷണവും തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ചാവക്കാട് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ വേണുഗോപാല്‍, എസ്.ഐമാരായ ബിപിന്‍ ബി നായര്‍ കണ്ണന്, ബിജു, എഎസ്ഐമാരായ ശ്രീരാജ്, സജീവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, പ്രവീണ്‍, മണികണ്ഠന്, ഹംദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.