ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യം: എംബി രാജേഷ്.
ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമെന്ന് മന്ത്രി എംബി രാജേഷ്. ഹരിതകര്‍മ്മ സേനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപമാനകരമായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഹരിതകര്‍മ്മ സേനയ്ക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ അഭിമാന പദ്ധതികളായ എസി രാമന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം, എംസിഎഫ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. തീര്‍ത്ഥാടന നഗരി എന്നതിലുപരി ശുചിത്വ കേരളത്തിന്റെ കേന്ദ്രമായി ഗുരുവായൂര്‍ ഇനി അറിയപ്പെടുമെന്നും മാലിന്യ സംസ്കരണത്തില്‍ ഗുരുവായൂര്‍ നഗരസഭയുടെ മാതൃക കേരളം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. തുല്യത പരീക്ഷയിലൂടെ മികച്ച വിജയം നേടിയ ഗുരുവായൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സിമി സുനില്‍, റീന സുഭാഷ് എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചിലവഴിച്ചാണ് ് പാര്‍ക്കും സജ്ജമാക്കിയിട്ടുള്ളത്. മറ്റൊരു ഭാഗത്ത് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ വഴിയോര വിശ്രമകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്മാരായ ഷീജ പ്രശാന്ത്, സീത രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി ടി.വി സുരേന്ദ്രന്, കുടുംബശ്രീ മിഷന് ഡയറക്ടര്‍ ജാഫര്‍ മാലിക് , ഫെഡറല്‍ ബാങ്ക് തൃശൂര്‍ റീജിയണല്‍ ഹെഡ് കെവി ഷാജി, നഗരസഭ ചെയര്മാന് എം കൃഷ്ണദാസ്, സെക്രട്ടറി ബീന എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.