ആശുപത്രിയിലെത്താതെ രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സംസ്ഥാന വ്യാപകമാക്കും
ആശുപത്രിയിലെത്താതെ രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സംസ്ഥാന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര്‍ ദേവസ്വം, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താന്‍ സന്നദ്ധ സംഘടനകള്‍, സ്വകാര്യ- സഹകരണ ആശുപത്രികള്‍ എന്നിവയുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ നഗരസഭയിലെ ബ്രഹ്മകുളത്താണ് 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡയാലിസിസ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം എട്ടുപേര്‍ക്കും മാസം ഇരുന്നൂറ് പേര്‍ക്കും ഡയാലിസിസ് നടത്താനാവും. ഒരു വര്‍ഷം 2400 നിര്‍ധന രോഗികള്‍ക്കാണ് ഡയാലിസിസ് സേവനം നല്‍കുക. ഡയാലിസിസ് കേന്ദ്രത്തിലേക്ക് രണ്ട് വിദഗ്ധ നേഴ്സുമാരുടെ സേവനവും മാസം ഒരു ലക്ഷം രൂപയുടെ മരുന്നും ദേവസ്വം നല്‍കും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയും ഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് വിശിഷ്ടാതിഥിയുമായി. ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷില്‍വ ജോഷി, ശോഭ ഹരിനാരായണന്, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എന്‍ ആനന്ദകുമാര്‍ പദ്ധതി വിശദീകരിച്ചു.