പ്രതിപക്ഷം കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു
ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്താതതിനെ ചൊല്ലി പ്രതിപക്ഷ ബഹളം. ഭരണപക്ഷ എതിര്‍പ്പുകളെ മറികടന്ന് പ്രതിപക്ഷം കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. ചാവക്കാട് ദേശീയപാത 66 ല്‍ അടി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടച്ചു കെട്ടിയ തടമതില്‍ ഒഴിവാക്കി മേല്‍പ്പാലം പണിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രമേയം നല്‍കിയത്. എംഎല്‍എയും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗ തീരുമാനപ്രകാരം മുന്നോട്ടു പോവുകയാണെന്നും പ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അധ്യക്ഷ അറിയിച്ചു. എന്നാല്‍ ആദ്യ അജണ്ട അവതരണത്തിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രമേയം വായിച്ചു. പ്രതിഷേധസൂചകമായി പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചത്. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഭരണപക്ഷത്തിന്റേതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ കെ വി സത്താര്‍ ആരോപിച്ചു. ദേശീയപാത പാത വികസനത്തെ എതിര്‍ത്ത കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രമേയം രാഷ്ട്രീയ നാടകമാണെന്നും ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു.