പാവറട്ടി സെന്റര്‍ വികസനവുമായി ബന്ധപ്പെട്ട് കയ്യേറ്റങ്ങള്‍ സംബന്ധിച്ച പരിശോധന നടന്നു.
കാന നിര്‍മ്മാണം, നടപ്പാത നിര്‍മാണം എന്നിവക്കുള്ള സ്ഥലം നിര്‍ണയിക്കുന്നതിന്റെ ഭാഗമായാണ് സര്‍വേയും അടയാളമിടലും നടത്തിയത്. സെന്റര്‍ വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. സര്‍വേയര്‍ ടി.എസ്. മഞ്ജു, പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍ നിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എം.എം. റജീന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബി ജോണ്സണ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസഫ് ബെന്നി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പി.ഡബ്ല്യു.ഡിക്ക് കൈമാറും. പി.ഡബ്ലു.ഡി അലൈമെന്റ് സ്കെച്ച് തയ്യാറാക്കി മേല്‍നടപടികള്‍ക്കായി ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളുണ്ടാവുക. പാവറട്ടി സെന്റര്‍ നവീകരണത്തിന് 2019 -20-ലെ സംസ്ഥാന ബജറ്റില്‍ 2.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ സര്‍വേ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. റോഡ് വീതികൂട്ടല്‍, കാന നവീകരണം, കൈവരിയോടുകൂടിയുള്ള നടപ്പാത, ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.