ഗുരുവായൂര്‍ നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കും പ്രതിരോധ വാക്സിന് നല്‍കിത്തുടങ്ങി.
ഗുരുവായൂര്‍ നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്കുന്ന പദ്ധതി തുടങ്ങി. ഒരുമാസം നീളുന്ന പദ്ധതിയിലൂടെ നഗരസഭ പരിധിയിലെ മുഴുവന്‍ തെരുവ് നായ്ക്കള്‍ക്കും കുത്തിവെപ്പ് നല്‍കും. തൃശ്ശൂര്‍ ഡോഗ് കാച്ചിങ് സ്ക്വാഡ് സുനിത അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നായ്ക്കളെ പിടികൂടുന്നത് . കൂടെ യെത്തുന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നായ്ക്കളെ പിടികൂടുന്ന സ്ഥലത്ത് വച്ച് തന്നെ കുത്തിവെപ്പ് നടത്തും. പിന്നീട് നായ്ക്കളെ പിടിച്ച സ്ഥലത്തുതന്നെ ഇറക്കിവിടും. ഒരു ദിവസം 30 നായ്ക്കള്‍ക്ക് കുത്തിവെപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കുത്തിവെപ്പ് നടത്തിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക നിറമുള്ള സ്പ്രേ അതിനുമേല്‍ പൂശും.ഇത് ഒരു വര്‍ഷം വരെ മായാതെ നില്ക്കും .നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. എസ്. മനോജ്, വെറ്റിനറി ഡോക്ടര്‍മാരായ കെ. വിവേക്, അമൃത ജേക്കബ്, അഷ്റഫ് അബ്ദുള്‍ റഹ്മാന് എന്നിവര്‍ പങ്കെടുത്തു.