തീരദേശനിയന്ത്രണമേഖലയില്‍ ഇളവ് പാവറട്ടിക്ക് മാത്രം; ഒരുമനയൂരിനും കടപ്പുറത്തിനും ഇളവില്ല. ആശങ്കയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍.
തീരദേശനിയന്ത്രണമേഖലയില്‍ ഇളവുള്ള പഞ്ചായത്തുകളില്‍ ജില്ലയില്‍നിന്ന് ഇടംപിടിച്ചത് പാവറട്ടി മാത്രം. മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടപ്പുറം, ഒരുമനയൂര്‍ പോലെയുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് ലഭിക്കാത്തത് നൂറുകണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തെയാണ് ബാധിക്കുക. കഴിഞ്ഞദിവസം ചേര്‍ന്ന തീരദേശ മാനേജ്മെന്റ് അതോറിറ്റി യോഗം കേരളത്തിലെ എട്ട് ജില്ലകളിലെ 66 പഞ്ചായത്തുകളെ നിര്‍മാണനിയന്ത്രണങ്ങളുള്ള സി.ആര്.സെഡ് മൂന്നാംവിഭാഗത്തില്‍നിന്ന് കൂടുതല്‍ ഇളവുകളുള്ള രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു. കേരളത്തിലെ 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. 66 പഞ്ചായത്തുകളെ മാത്രമാണ് ഇളവുകള്‍ക്കായി പരിഗണിച്ചത്. ഇതില്‍ തൃശ്ശൂര്‍ ജില്ലയില്‍ പാവറട്ടി മാത്രമാണുള്ളത്. പാവറട്ടിക്ക് പുറമെ നിയമം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന രണ്ട് പഞ്ചായത്തുകളാണ് കടപ്പുറവും ഒരുമനയൂരും. കടപ്പുറം പഞ്ചായത്തിലെ 16 വാര്‍ഡുകളും തീരമേഖലയിലാണ്. ഒമ്പത് വാര്‍ഡുകള്‍ കടലോരത്തും ഏഴെണ്ണം ചേറ്റുവപ്പുഴയോരത്തും. നിര്മാണനിയന്ത്രണമേഖലയില് താമസിക്കുന്ന അഞ്ഞൂറിലേറെ കുടുംബങ്ങളെ ഇതു ബാധിക്കും. കടലിനും പുഴയ്ക്കും ഇടയിലായി വെറും 500 മീറ്ററില്‍ താഴെമാത്രം വീതിയുള്ള അഴിമുഖം വാര്‍ഡില്‍ നിലവില്‍ വീടുവയ്ക്കാന്‍ കഴിയുന്ന ഭൂമി കണ്ടെത്തുന്നതു തന്നെ ദുഷ്കരമാണ്. ചട്ടത്തില്‍ ഇളവ് വേണമെന്ന ആവശ്യം രണ്ടുവര്‍ഷം മുമ്പേ പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വി.സി.ഷാഹിബാന്‍ പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്തിലും സ്ഥിതി സമാനമാണ്. കനോലി കനാലും കാളമന കായലും ചേറ്റുവപ്പുഴയുമായി മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരുമനയൂര്‍ ജില്ലയിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നാണ്. ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കലിനെത്തുടര്ന്ന് നിരവധി കുടുംബങ്ങള്‍ക്ക് വീടൊഴിയേണ്ടിവന്ന പഞ്ചായത്തില്‍ തീരദേശപരിപാലനച്ചട്ടം പാലിച്ച് വീട് നിര്‍മിക്കാന്‍ കഴിയുന്ന ഭൂമി കുറഞ്ഞു. സി.ആര്.സെഡ് വ്യവസ്ഥയില്‍ ഇളവില്ലെങ്കില്‍ മുന്നൂറിനടുത്ത് കുടുംബങ്ങളെ ബാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.