കോവിഡ് പൊടിച്ചുകളഞ്ഞ പപ്പടവിപണിക്ക് ഇത് പ്രതീക്ഷയുടെ ഓണം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി നിര്‍മാതാക്കള്‍.
സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും മുമ്പേ എല്ലാവരും അന്വേഷിക്കുന്ന ഒന്നാണ് പപ്പടം. പായസം ഇലയിലൊഴിച്ച് പപ്പടവും ചേര്‍ത്തൊരു പിടിപിടിക്കാതെ ഓണസദ്യ പൂര്‍ണമാകുകയില്ല. സദ്യവട്ടങ്ങളില്‍ തൂശനിലയുടെ വശത്ത് പപ്പടം വേണമെന്നത് മലയാളിയ്ക്ക് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഇത്തവണത്തെ ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട നിര്‍മാതാക്കള്‍. ഓണസദ്യയില്‍ പപ്പടം ഏറെ പ്രിയപ്പെട്ടതാണെങ്കിലും പപ്പടങ്ങളില്‍ കേമന്‍ ഗുരുവായൂര്‍ പപ്പടം ആണ് അത് ഉണ്ടാക്കുന്നത് എളവള്ളി ചിറ്റാട്ടുകരയിലാണ് കരുമത്തില്‍ കുമാരനാണ് ഗുരുവായൂര്‍ പപ്പടം തയ്യാറാക്കുന്നത് റെഡ് ചില്ലി, കുരുമുളക്, കാന്താരി, ആണടി, കോയിന് പപ്പടം തുടങ്ങി നിരവധി വ്യത്യസ്തമായ പപ്പടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കിലോയ്ക്ക് 160 മുതല്‍ 200 വരെയാണ് വില. നിര്‍മാണച്ചെലവാണ് പരമ്പരാഗത നാടന്‍ പപ്പട നിര്‍മാതാക്കള്‍ക്ക് ഇപ്പോഴും വെല്ലുവിളിയുയര്‍ത്തുന്നത്. പപ്പട നിര്‍മാണത്തിനുള്ള സാധനങ്ങളുടെ വില വര്‍ധിച്ചെങ്കിലും പപ്പടത്തിന്റെ വിലയില്‍ വര്‍ധനവില്ലെന്ന് പറയുന്നു. കഴിഞ്ഞ രണ്ടുതവണ കൊവിഡില്‍ പൊടിഞ്ഞുപോയ പപ്പട വിപണി ഇത്തവണയെങ്കിലും തിരികെ കിട്ടുമെന്ന പ്രതിക്ഷയിലാണിവര്‍. മഴ പപ്പട നിര്‍മാണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഉഴുന്നു പൊടിച്ച് ഉപ്പു ചേര്‍ത്ത് കുഴച്ച് പരത്തിയെടുത്ത് പപ്പടക്കാരത്തില്‍ തട്ടിക്കുടഞ്ഞ് പഴമ്പായിലോ, പനമ്പിലോ ഉണക്കിയെടുക്കുന്ന പപ്പടമായിരുന്നു പണ്ട് ലഭിച്ചിരുന്നതെങ്കിലും കൈ കൊണ്ടു മാത്രം പപ്പടം നിര്‍മിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം ഇപ്പോള്‍ പലരും യന്ത്രവല്‍കൃത നിര്‍മാണ യൂണിറ്റുകളായി മാറ്റിക്കഴിഞ്ഞു.ഓണക്കാലവും ഉത്സവ-വിവാഹ സീസണുമാണ് പപ്പട നിര്‍മാണമേഖലയുടെ നട്ടെല്ല്. ഇത്തവണത്തെ ഓണകച്ചവടം ഉഷാറിലാക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍.