വടക്കന്‍ പുതുക്കാട് പള്ളിയിലെ ബലിപീഠത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ത്യഅത്താഴ രൂപം ഒരുങ്ങുന്നു.
വടക്കന്‍ പുതുക്കാട് കര്‍മ്മല മാതാവിന്റെ ദേവാലയത്തിലേ ബലിപീഠത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി അന്ത്യഅത്താഴ രൂപം എളവള്ളിയില്‍ ഒരുങ്ങുന്നു. ക്രിസ്തുവും 12 ശിഷ്യന്മാരുമടങ്ങുന്ന രൂപം കുമിള്‍ മരത്തിലാണ് തീര്‍ത്തിരിക്കുന്നത്. എളവള്ളി സ്വദേശി പള്ളിക്കടവില്‍ ജോഷിയുടെ നേതൃത്വത്തിലാണ് രൂപം തയ്യാറാക്കിയിട്ടുള്ളത്. ജോഷിയും സഹായി ശ്രീക്കുട്ടന് എളവള്ളിയും ചേര്‍ന്ന് നാലു മാസം കൊണ്ടാണ് രൂപം പൂര്‍ത്തീകരിച്ചത്. എട്ടടി നീളവും രണ്ടരയടി ഉയരവുമുള്ളതാണ് അന്ത്യഅത്താഴ രൂപം. 12 അടിയാണ് ബലിപീഠത്തിന്റെ നീളം 10 ഇഞ്ച് കനവുമുണ്ട്. ത്രിമാന സ്വഭാവത്തിലാണ് രൂപം നിര്‍മിച്ചിട്ടുള്ളത്. ആഗസ്റ്റ് 15ന് നടക്കുന്ന പള്ളി കൂദാശ ചടങ്ങില്‍ രൂപത്തിന്റെ ആശിര്‍വാദകര്‍മ്മം നിര്‍വഹിക്കും. ബലിപീഠത്തില്‍ അന്ത്യഅത്താഴ രൂപം അപൂര്‍വ്വമായിട്ടാണ് പണികഴിപ്പിക്കുന്നതെന്ന് ശില്പി ജോഷി പറഞ്ഞു. മുണ്ടൂര്‍, മുണ്ടത്തിക്കോട്, പറപ്പൂര്, പീച്ചി, കൊട്ടേക്കാട്, നെടുപുഴ തുടങ്ങിയ പള്ളികളിലും ഇത്തരം രൂപങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കാക്കശ്ശേരി പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിനെ രൂപവും മരത്തില്‍ തീര്‍ത്തിരുന്നു.