ഗുരുവായൂര്‍ മണ്ഡലത്തിലെ ഉന്നതവിജയികള്‍ക്ക് എം.എല്‍.എയുടെ അനുമോദനം.
സമൂഹത്തിനോട് പ്രതിബന്ധതയുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് എന്‍.കെ.അക്ബര്‍ എംഎല്‍എ. ഗുരുവായൂര്‍ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഭകളെ കണ്ടെത്തുന്നതില്‍ സമൂഹത്തില്‍ വ്യത്യസ്ത തലങ്ങളുണ്ടെന്നും പ്രവൃത്തി, കാലം എന്നിവ പ്രതിഭകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാവക്കാട് എം.ആര്. രാമന് മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ഗവ.പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന രണദിവെ, പഞ്ചായത്ത് പ്രസിഡന്റുമായ ടി വി സുരേന്ദ്രന്, ജാസ്മിന് ഷഹീര്‍, വി.സി.ഷാഹിബാന്‍, പിടിഎ പ്രസിഡന്റ് ബഷീര്‍ മൗലവി, എം.ആര്.ആര്.എം സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഡി ഷീബ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ 400ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പുരസ്കാരം നല്കി. എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച ഗവ.ഫിഷറീസ് പുത്തന്‍ കടപ്പുറം, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏങ്ങണ്ടിയൂര്‍, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.