ഗുരുവായൂരപ്പന്റെ ഥാറിന് മൂന്നിരട്ടി വില; 43 ലക്ഷത്തിന് വാഹനം സ്വന്തമാക്കിയത് ദുബായ് വ്യവസായി.
ഗുരുവായൂര്‍ ക്ഷേത്രത്തിനു മഹീന്ദ്ര കമ്പനി വഴിപാടായി നല്കിയ ഥാര്‍ ജീപ്പിന് ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. ദുബായിലെ ബിസിനസുകാരന് വിഘ്നേഷ് വിജയകുമാര്‍ 43 ലക്ഷം രൂപയ്ക്കു ഥാര്‍ ലേലത്തില്‍ പിടിച്ചു. വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദലി എന്ന പ്രവാസി വ്യവസായിയാണ് 15.10 ലക്ഷം രൂപക്ക് ലേലത്തിനെടുത്തത്. എന്നാല്‍, ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാന്‍ ദേവസ്വം തീരുമാനമെടുക്കുകയായിരുന്നു. 15 പേരാണ് തിങ്കളാഴ്ച രാവിലെ തെക്കെ നടയില്‍ നടന്ന ലേലത്തില്‍ പങ്കെടുത്തത്. പങ്കെടുക്കുന്നവരുടെ പട്ടികയില്‍ അമല്‍ മുഹമ്മദലിയും ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹമോ, പ്രതിനിധിയോ ലേല സമയത്ത് ഹാജരായിരുന്നില്ല. വിഘ്നേഷ് വിജയകുമാറിന് വേണ്ടി അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പായി വെല്‍ത്ത് ഐയുടെ ജനറല്‍ മാനേജര്‍ അനൂപ് ഹരിത്തോട്ടം വിളിച്ച 43 ലക്ഷത്തിനു ഥാര്‍ ഉറപ്പിച്ചു. ലേലത്തുകയ്ക്കു പുറമെ ജിഎസ്ടിയും അടയ്ക്കേണ്ടി വരും.