നെല്‍കര്‍ഷകര്‍ക്ക് കണ്ണീര്‍മഴ; കൊയ്തെടുക്കാനാകാതെ കിടക്കുന്നത് ഏക്കറുകണക്കിന് പാടങ്ങള്‍.
വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ പടവിലെ നെല്‍കൃഷി കൊയ്യാനാകാതെ നശിക്കുന്നു. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 310 ഏക്കര്‍ സ്ഥലത്ത് നടപ്പിലാക്കിയ ഇരുപ്പൂ കൃഷിയാണ് അപ്രതീക്ഷിത മഴ പെയ്തതോടെ നശിക്കുന്നത്. തൊണ്ണൂറ് ദിവസം മൂപ്പുള്ള മനുരത്ന വിത്ത് ഉപയോഗിച്ചാണ് രണ്ടാം പൂവില്‍ കൃഷിയിറക്കിയിരുന്നത്. ഇപ്പോള്‍ നെല്‍കൃഷി 108 ദിവസം പിന്നിട്ടു. കോള്‍ ചാലുകള്‍ നിറഞ്ഞു നില്ക്കുന്നതിനാല് പടവില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും വറ്റിക്കാന്‍ കഴിയുന്നില്ല. ബണ്ടുകള്‍ കവിഞ്ഞ് പല ഭാഗത്തും വെള്ളം വിളവെടുപ്പിന് പാകമായ പാടത്തേക്ക് ഒഴുകയാണ്. മഴയില്‍ നെല്‍ച്ചെടികള്‍ മറിഞ്ഞ് വീണ് നെല്ല് മുളച്ചുതുടങ്ങി. കഴിഞ്ഞ ഒന്നാം പൂവില്‍ വിളവെടുപ്പ് സമയത്ത് ഉണ്ടായ ഇലകരിച്ചില്‍ രോഗംമൂലം പടവിലെ ഭൂരിഭാഗം നെല്‍ കൃഷിയും നശിച്ചിരുന്നു. സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്, മികച്ച വിളവ് പ്രതീക്ഷിച്ച് വായ്പയെടുത്ത് രണ്ടാം പൂ കൃഷിയിറക്കിയ കര്‍ഷകരാണ് വീണ്ടും കൃഷി നാശം മൂലം പ്രതിസന്ധിയിലായിട്ടുള്ളത്. പടവിലെ നെല്‍കൃഷി സംരക്ഷിച്ച് കൊയ്തെടുക്കുന്നതിനും, കൃഷി നാശം സംഭവിച്ചവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി ഉണ്ടാകണമെന്ന് പടവ് കമ്മിറ്റി ഭാരവാഹികളായ ടി.വി.ഹരിദാസന്, രവി അമ്പാട്ട്, ബിജോയ് പെരുമാട്ടില്‍, കെ.എച്ച്. നജീബ് എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.(ബൈറ്റ്) നെല്ല് സംഭരണത്തിനായി സപ്ലൈകോ രണ്ട് മില്ലുകളെ പടവിലേക്ക് അയച്ചിരുന്നുവെങ്കിലും അവര്‍ നെല്ലെടുക്കാന്‍ തയ്യാറാകാതെ മടങ്ങിപ്പോയി. ഇനി പുതിയ മില്ലുകാര്‍ വന്നിട്ടു വേണം വിളവെടുപ്പ് നടത്താന്‍. തെക്കേ കോഞ്ചിറ പടവിലെ 150 ഏക്കര്‍ സ്ഥലത്തെ വിളവെടുപ്പിന് പാകമായ നല്കൃഷിയും നാശത്തിന്റെ വക്കിലാണ്. വേനല്‍മഴ ശക്തമായി തുടരുന്നതും, കാലവര്‍ഷം നേരത്തെ എത്തുമെന്നന്നറിയിപ്പും നെല്‍ കര്‍ഷകരെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏനാമാവിലെ താല്കാലിക വളയം കെട്ട് കൂടുതല്‍ പൊട്ടിക്കുകയും ഏനാമാവ് റെഗുലേറ്ററിന്റെ പകുതി ഷട്ടറുകളെങ്കിലും തുറക്കുകയും ചെയ്താല്‍ മാത്രമേ പാടശേഖരങ്ങളിലെ കനാലുകളില്‍ ജലനിരപ്പ് താഴുകയുള്ളൂ. എനാമാവ് ഫെയ്സ് കനാലില്‍ ഇപ്പോള്‍ ഒരു മീറ്റിലും മുകളിലാണ് ജലനിരപ്പ് ഉള്ളത്. നെല്‍കൃഷിയെയും കര്‍ഷകരേയും സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നാണ് വെങ്കിടങ്ങിലെ നെല്‍കര്‍ഷകരുടെ ആവശ്യം.