നഗരസഭയുടെ സീല്‍ ഇല്ലാതെ കശാപ്പ്; ചാവക്കാട് ഹെല്‍ത്ത് സ്ക്വാഡ് പിടിച്ചെടുത്തത് 100 കിലോയോളം പോത്തിറച്ചി.
നഗരസഭയുടെ സീല്‍ ഇല്ലാതെ അനധികൃതമായി കശാപ്പ് നടത്തിയ പോത്തിറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോയോളം തൂക്കം വരുന്ന പോത്തിറച്ചി പിടിച്ചെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് നഗരസഭ ഏഴാം വാര്‍ഡ് ആലുംപടിയില്‍ പ്രവര്‍ത്തിക്കുന്ന മാണിക്യക്കല്ലിന്റെ കട എന്ന പേരിലുള്ള ബീഫ് സ്റ്റാളില്‍ നിന്നാണ് പോത്തിറച്ചി പിടിച്ചെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സ്ക്വാഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ജെ.ശംഭുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കശാപ്പ് ചെയ്തിരുന്ന ഇറച്ചി പിടിച്ചെടുത്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവപ്രസാദ്, സജീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. പിടിച്ചെടുത്ത ഇറച്ചി നഗരസഭ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പിഴ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു.