വാട്ടര്‍ അതോറിറ്റി ഇഴയുന്നു; കാഞ്ഞാണി-മുല്ലശ്ശേരി റോഡില്‍ ടാറിങ് എന്ന്?
വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തീകരിക്കാത്തിനാല്‍ കാഞ്ഞാണി മുതല്‍ മുല്ലശ്ശേരി വരെയുള്ള റോഡിന്റെ ടാറിങ് വൈകുന്നു. കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടിയുള്ള പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് മാസങ്ങളായങ്കെലും മര്‍ദ്ദ പരിശോധനയും പൈപ്പിലെ ചോര്‍ച്ചയും പരിഹാനാവാത്തതുമൂലമാണ് ടാറിങ് വൈകുന്നത്. ഗുരുവായൂര്‍ നഗരസഭയിലേക്കുള്ള അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കാഞ്ഞാണി മുല്ലശ്ശേരി കൂമ്പുള്ളിപാലം വരെ റോഡ് പൊളിച്ച് പൈപ്പിടല്‍ പൂര്‍ത്തികരിച്ചത്. ഇതിനോടൊപ്പം പാവറട്ടി മുല്ലശ്ശേരി പഞ്ചായത്തുകളിലേക്ക് തൃത്താലയില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരുന്ന പദ്ധതിയുടെ പൈപ്പിടലും നടത്താന്‍ തിരുമാനിച്ചിട്ടുണ്ട്. തൃത്താലയില്‍ നിന്ന് ഗുരുവായൂര്‍ വഴി എത്തുന്ന പൈപ്പ് ലൈന്‍ അവസാനിക്കുന്നത് മുല്ലശ്ശേരി മാനിന കുന്നില്‍ നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണിയിലാണ്. ഇതിന്റെ ഭാഗമായി മുല്ലശ്ശേരി പറമ്പന്തളി നടമുതല്‍ കൂമ്പുള്ളി പാലം വരെ 450 മീറ്റര്‍ പൈപ്പിടല്‍ നടത്തിയിട്ടുണ്ട്. ഇരുപദ്ധതികളുടേയും പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ചെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ മൂലം മറ്റ് ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞിട്ടില്ല. മര്ദ്ദപരിശോധനക്കിടയില് പൈപ്പില്‍ ചോര്‍ച്ചയുണ്ടായി അടച്ച കുഴികള്‍ വീണ്ടും തുറക്കുന്ന സ്ഥിതിയുണ്ട്. മുല്ലശ്ശേരിയില് തന്നെ മൂന്നിടത്ത് ഇത്തരത്തില്‍ കുഴികള്‍ എടുത്തിരുന്നു. ഒരു മാസത്തിലേറെയായിട്ടും ജോലികള്‍ തീര്‍ത്ത് കുഴികളടക്കാനായിട്ടില്ല. ഇരുപദ്ധതികളുടേയും വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തിയാകാതെ റീ ടാറിങ് നടത്താനുമാകില്ല. കാഞ്ഞാണി മുതല്‍ കൂമ്പുള്ളി പാലം വരെയുള്ള റീ ടാറിങ്ങിന് 4.75 കോടി രൂപയാണ് വകയിരുത്തിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ ഇനിയും നീണ്ടുപോയാല്‍ കാലാവസ്ഥ പ്രതികൂലമാകുകയും ടാറിങ് വീണ്ടും നീളുകയും ചെയ്യും.