ഗുരുവായൂര്‍ റെയില്‍വേ മേല്‍ പാലത്തിന്റെ പൈലിങ് ജോലികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും.
ഗുരുവായൂര്‍ റെയില്‍വേ മേല്‍ പാലത്തിന്റെ പൈലിങ് ജോലികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും. എന്‍.കെ.അക്ബര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തിരുമാനം. 6 മാസത്തിനകം തന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനും തിരുമാനമായി. മേല്‍പാലത്തിന്റെ തൂണുകള്‍ ഉറപ്പിക്കുന്നതിന് ഭൂമി തുരന്ന് 46 പൈലുകള്‍ സ്ഥാപിക്കണം. ഇതില്‍ 14 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി അടുത്തമാസം തന്നെ പൂര്‍ത്തികരിക്കും. കെഎസ്ഇബിയുടെ ലൈനുകളും ട്രാന്‍സ്ഫോമറുകളും മാറ്റുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂര്‍ത്തിയാകും. ഇതിന് ശേഷം ഒരാഴ്ചയ്ക്കകം ജല അതോറിറ്റിയുടെ പൈപ്പിടുന്ന ജോലിയും കഴിയും. ഇതോടെ പാലത്തിന്റെ നിര്‍മാണം കൂടുതല്‍ വേഗത്തിലാകും. റെയില്‍വേ ഗേറ്റിന് കിഴക്കുഭാഗത്ത് 14 പൈല് അടിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഗേറ്റിന്റെ പടിഞ്ഞാറു ഭാഗത്ത് പൈല് അടിച്ചു തുടങ്ങിയതിനാല്‍ മഞ്ജുളാലില്‍ നിന്ന് കിഴക്കോട്ടുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. പൈലിങ് കഴിഞ്ഞ് തൂണുകള്‍ക്കുള്ള ബോള്‍ട്ടുകള്‍ ഉറപ്പിച്ചാല്‍ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് കരാറുകാര്‍ അറിയിച്ചു. നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ്, സെക്രട്ടറി പി.കെ.ഷിബു, അസി പൊലീസ് കമ്മിഷണര്‍ കെ.ജി.സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.