ഉണ്ണികൃഷ്ണന്റെ കരവിരുതില്‍ പിറക്കും; വേഴാമ്പലും, കുതിരവണ്ടിയും.
കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്ഥത പരീക്ഷിക്കുകയാണ് മുല്ലശ്ശേരി പറമ്പന്തളി സ്വദേശിയായ കണിച്ചിയില്‍ ഉണ്ണികൃഷ്ണന്. മരത്തില്‍ നിന്നും ചിരട്ടയില്‍ നിന്നുമെല്ലാം മനോഹര രൂപങ്ങളാണ് ഈ കലാകാരന്റെ കരവിരുതില്‍ ജന്മമെടുക്കുന്നത്. 20 വര്‍ഷം മുമ്പ് പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തിയ ശേഷമാണ് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ഉണ്ണികൃഷ്ണന് സജീവമായത്. പ്രവാസി ആയിരിക്കുമ്പോള്‍ തന്നെ ഹാന്റി ക്രാഫ്റ്റ് കടയില്‍ നിന്നുള്ള അനുഭവവും അതിനോടുള്ള ഇഷ്ടവുമാണ് നാട്ടിലെത്തിയും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ വ്യാപൃതനാകാന്‍ കാരണം. വീടിനു സമീപത്തായുള്ള കാര്‍പെന്‍ഡര്‍ സ്ഥാപനത്തിലാണ് കരകൗശല വസ്തുക്കള്‍ പിറവിയെടുക്കുന്നത്. കൈ കൊണ്ട് നിര്‍മ്മിച്ച സ്വര്‍ണ പെട്ടി, പൂര്‍ണ്ണമായും ചിരട്ടയില്‍ നിര്‍മ്മിച്ച പേന, തേക്ക് തടിയില്‍ തീര്‍ത്ത കുതിരവണ്ടി,ജീപ്പ്, പീരങ്കി എന്നിവയെല്ലാം ഉണ്ണികൃഷ്ണന്റെ ശേഖരത്തിലുണ്ട്. ലെറ്റര്‍ വോള്‍ ക്ലോക്ക് ഉള്‍പ്പെടെ മരത്തടികളില്‍ നിര്‍മ്മിച്ച ഒരു ഡസനോളം ക്ലോക്കുകള്‍ ഉണ്ണികൃഷ്ണന് നിര്‍മ്മിച്ചിട്ടുണ്ട്. മരം കൊണ്ട് നിര്‍മ്മിച്ച പറക്കുന്ന വേഴാമ്പല്‍ കൗതുകമുണര്‍ത്തുന്നതാണ്. ഇത്തരത്തില്‍ നൂറോളം സാധങ്ങളാണ് ഉണ്ണികൃഷ്ണന്റെ കരവിരുതില്‍ പിറവിയെടുത്തത്. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഉണ്ണികൃഷ്ണനുണ്ട്. കൈയ്യില്‍ കിട്ടുന്നതെന്തിലും ശില്പഭംഗി കണ്ടെത്തുന്ന ഉണ്ണികൃഷ്ണന് ഇപ്പോള്‍ പുതിയ പരീക്ഷണളുടെ പണിപ്പുരയിലാണ്.